Saturday, May 30, 2015

അമ്മവേഷങ്ങള്‍

ചക്കത്തുണ്ടം തിന്ന്‍
നാളേറെയായെന്ന്
ഉമ്മറക്കോലായില്‍
നെടുവീര്‍പ്പിട്ടാല്‍
കാതടപ്പിക്കുമുച്ചത്തില്‍
കാറ്റില്‍ വന്നടയും
പ്ലാവില്‍ തീര്‍ത്ത
ഉമ്മറ വാതിലുകള്‍

ചത്തിരിക്കാനൊരു
ഉത്തരമില്ലെന്ന്
പരിഭവിച്ച്
താക്കോല്‍ കൂട്ടം
ഇരിപ്പിടങ്ങളില്‍
അസ്വസ്ഥമാവും

ഇറയത്തെ വളയില്‍
തൂങ്ങിയാടിയ
പ്രതാപകാലത്തെ
ഓര്‍ത്തെടുക്കാന്‍
ശ്രമിച്ച് ശ്രമിച്ച്
കണ്ണീര്‍ വറ്റി
മുക്കിലായിപ്പോയൊരു
കാലന്‍ കുട

അടുക്കളച്ചുമരില്‍
അന്തസ്സില്‍
ചാരിക്കിടന്ന
മരപ്പലകകള്‍
അന്യം നിന്ന് പോയത്
ഡൈനിങ് ടേബിള്‍
വിരുന്ന് വന്നപ്പോഴാണ്

എന്നിട്ടും പുലര്‍ച്ചയ്ക്കിന്നും
അടുപ്പില്‍ തീ കൂട്ടി
പാല് കാച്ചാന്‍
നിയോഗം പോലെ
അമ്മ വേണം
പുകയില്ലാത്ത
അടുപ്പുകള്‍ക്കരികിലും
പുകഞ്ഞ് തീരുന്നുണ്ട്
കാലം മാറിയിട്ടും
കോലം മാറാത്ത
അമ്മ ജീവിതങ്ങള്‍!


Friday, May 1, 2015

ഒരു വട്ടം കൂടിയെന്‍ പള്ളിക്കൂടത്തില്‍.....
ഇന്ന് ഞാനൊരു
വിരുന്നിന് പോയി
ഇന്നലെ പഠിച്ച
പള്ളിക്കൂടത്തില്‍

പതിവു പോലെ
ഹെഡ്മാഷെത്തിയിട്ടില്ല
ചെരുപ്പിടാത്ത
അറബി മാഷും

അടിയേറെ കൊണ്ട
റെയിലിന്റെ തുണ്ടം
സമയമറിയിച്ച്
ശോഷിച്ച് പോയി
പഴയ പ്യൂണ്‍
മരിച്ചും പോയി

കഞ്ഞിപ്പുരയില്‍
പുക ഉയരുന്നില്ല
കരിപിടിച്ച് കരുവാളിച്ച
കഴുക്കോലുകള്‍
ഒന്നും മാറിയിട്ടില്ല,
മാറാലയും

നാരായണന്‍ മാഷിന്റെ
ക്ലാസിന്റെ പിന്നിലാണ്
വരിക്കപ്ലാവ്.
ചക്കയും പിന്നെ
ഏറെ തണലും തന്നത്,
നാരായണന്‍ മാഷ്
തൂങ്ങി മരിച്ചത്രേ!

വീണ ചക്കയുമായി
മൂത്താരുടെ
കടയിലേക്കോടും,
പിന്നാലെ ചെന്നാല്‍
ചുളയൊന്ന്
കിട്ടിയെങ്കിലായി,
തിരിച്ചെത്തിയാല്‍
ടീച്ചര്‍ ഉറപ്പായും തരും
ചുട്ടൊരടി!

മുറ്റത്തിപ്പഴും തളംകെട്ടി
നില്‍പ്പുണ്ട് ചളിവെള്ളം.
കാലിലെ പടക്കം
പൊട്ടലില്‍ നനഞ്ഞ
പുള്ളിപ്പാവാടകള്‍!
കൊത്തം കല്ല്
വാരിയപ്പോള്‍
ബാപ്പാട് പറഞ്ഞ് തല്ല്
കൊള്ളിക്കും എന്ന്
പരിഭവിച്ച കുഞ്ഞാമിന!

 ഒറ്റമൈനയെ
കണ്ടിട്ടടി കൊണ്ടതും
വയറ് വേദന മാറാന്‍
മണിക്കല്ലെടുത്തതും
മഷിത്തണ്ട് കളവ്
പോയതും, മയില്‍ പീലി
മാനം കാണാതൊളിപ്പിച്ചതും

ലാസ്റ്റ് ബെഞ്ചിലുറക്കിന്
ചോക്ക് കൂട്ട് വന്നതും
കേട്ടെഴുത്തിന്നുത്തരം
പുളിങ്കുരു കൊടുത്ത്
നോക്കിയെഴുതിയതും

എല്ലാ ഓര്‍മ്മകളുമീ
 നീണ്ട വരാന്തയില്‍
മുഖരിതമാകുമ്പോള്‍
അറിയാതെ മനസ്സ്
മന്ത്രിക്കുന്നു
ഒരിക്കല്‍ കൂടി ഈ
തിരുമുറ്റത്തൊരു ജന്മം!
Tuesday, April 28, 2015

എന്റെ HAIKU കള്‍ - ഒന്ന്

അറിയിപ്പ്

എന്നെ ഹൃദയത്തിലേക്ക്
ഡൗണ്‍ലോഡ് ചെയ്തവളോട്,
എ‍ന്‍റെ പുതിയ വേര്‍ഷന്‍
അപ്ഡേറ്റ് ചെയ്യുക,
പ്രൊഫൈലും സ്റ്റാറ്റസും
ഏറെ മാറിയിട്ടുണ്ട് !!


**************** 
വിശ്വാസം

പൊരുത്തങ്ങള്‍ നോക്കി
രാഹുകാലത്തിന് മുമ്പേ
മുഹൂര്‍ത്തം കുറിച്ചിട്ടെന്താ?
കെട്ടുന്നത് മിന്ന് തന്നെയല്ലേ!

***********************
 മരണാനന്തരം

മരിച്ചവര്‍ക്ക് വേണ്ടി
കര്‍മ്മങ്ങളേറെ ചെയ്യരുത്,
ആത്മാവ് സ്വര്‍ഗ്ഗവും താണ്ടി
പൊയ്ക്കളഞ്ഞാലോ ??

********************
 പശ്ചാതാപം

നിന്‍റെ ചുണ്ടില്‍
മുത്താഞ്ഞിട്ടാണ്
നീയെന്‍റെ പ്രണയം
അറിയാതെ പോയത്.

*******************
പാപമോചനം

ജെസിബിയാണ് കൊന്നത്
ടിപ്പറാണ് തിന്നത്,
അങ്ങിനെയാണ് പാപം
തീര്‍ന്നത് !

*******************
കാഴ്ച

 സ്വന്തം ചോരയെന്ന്
നെഞ്ചോട് ചേര്‍ത്ത്
നെറുകില്‍ മുത്തിയവന്‍
നെഞ്ച് തകര്‍ത്ത്
വൃദ്ധ സദനത്തില്‍
അയാളെ ചേര്‍ത്തുവെച്ചു!!


********************
പെയ്തൊഴിയാതെ

സങ്കടങ്ങളൊഴിഞ്ഞ
നേരമില്ലാത്തതിനാല്‍
കരയാന്‍ സമയം കിട്ടിയില്ല,
ഇനിയെങ്കിലും ഞാനൊന്ന്
പൊട്ടിക്കരഞ്ഞോട്ടെ!!


**********************
ശീലങ്ങള്‍

 മകന്‍
മുച്ചീര്‍പ്പ് വാഴ,
പതിനെട്ടാം പട്ട,
കുലം മുടിയന്‍.
മകള്‍
താലിപ്പൊന്ന്
വേളിപ്പുടവ
പേറ് യന്ത്രം
ശുഭം! 


*****************
പ്രണയം

തീരാ തര്‍ക്കത്തിലാണ്,
കണ്ണെന്ന് ചുണ്ടെന്ന്
നീണ്ട കാര്‍ക്കൂന്തലെന്ന് !
തര്‍ക്കത്തിനില്ലാതെ
മാറിനിന്നു അവളുടെ
ആസ്തികണ്ട മനസ്സ്!


*******************
ഒസ്യത്ത്

നിങ്ങളുടെ സെല്‍ഫികളില്‍
എന്നേയും ഉള്‍പ്പെടുത്തുമല്ലോ!!
 

Friday, October 25, 2013

കരിങ്കണ്ണികള്‍


ചില വാക്കുകള്‍
നൊമ്പരപ്പെടുത്തും
ചിലത് ആഴങ്ങളില്‍ ചെന്ന്
മുറിവുകള്‍ തീര്‍ക്കും.
മുന കൂര്‍പ്പിച്ച വാക്കുകള്‍
എറിയാന്‍ കാത്ത് നില്‍പ്പുണ്ട്
കളിവാക്കുകള്‍ കേട്ട് മടുത്ത
കരിങ്കണ്ണികള്‍ !

എത്ര പറഞ്ഞാലും
തീരാത്ത വാക്കുകളുമായി
പിന്നേയും അവള്‍ വരും,
ഒരു നോട്ടം കൊണ്ട്
വാക്കുകളെ
ചങ്കില്‍ ചങ്ങലക്കിടും!
കളിവാക്കല്ലെന്ന്
നെറുകില്‍ തലോടിയി-
ട്ടെത്രയാവര്‍ത്തി
പറഞ്ഞാലും,
പാഴ്വാക്കുകള്‍ പെറുക്കി
കണ്ണീരില്‍ ചാലിക്കും.
വാക്കുകള്‍ പിന്നേയും
പൂക്കും,തളിര്‍ക്കും,
കൊതിപ്പിക്കും
എന്നില്‍ അലിഞ്ഞ്
തീരും വരെ!
Friday, January 21, 2011

ബാല്യകാല സഖി
ക്ലാരയെ എനിക്കിഷ്ടമാണ്
നീലക്കണ്ണുകളുള്ള
നിലാവിന്റെ ചേലുള്ള
കൊച്ചു പെണ്ണ്

നേര്‍ത്ത പാലത്തിലൂടെ
കൈതത്തോടും താണ്ടി
മുടി കോതിയൊതുക്കി
അക്ഷരം നുണയാ-
നെത്തുന്നവള്‍,
ക്ലാര വെളുത്തിട്ടാണ്

അവളെ കെട്ടിയാല്‍
വെളുത്ത് തുടുത്ത
കുട്ടികളുണ്ടാകുമെന്ന്
പറയുന്നു കൂട്ടുകാര്‍
ബാപ്പയറിഞ്ഞാല്‍
പടിക്ക് പുറത്താക്കുമെന്ന്
മറ്റു ചിലര്‍,
ക്ലാര കൃസ്ത്യാനിയാണ്

ഒളികണ്ണിട്ടെന്നും
നോക്കാറുണ്ട്
ക്ലാസിലെ കുഞ്ഞാമിന
ഓള്‍ടെ അറവുകാരന്‍ ബാപ്പ
ചങ്കില്‍‍ കത്തി
ഇറക്കുന്നത്
കിനാവില്‍ വന്ന്
ഉറക്കം കെടുത്തും,
ക്ലാരയുടെ അപ്പന്‍
പാവമാണ്,ഒരു സാധു

സുനിതയ്ക്കെന്നെ
പുച്ഛമാണ്,അഹങ്കാരി!
അവള്‍ക്കെന്നെ
കെട്ടിയാലെന്താ?
കോഴിയിറച്ചീം
ബിരിയാണീം
വാങ്ങിക്കൊടുക്കില്ലേ?
ക്ലാര സ്നേഹമുള്ളവളാണ്

പുറമ്പോക്കിലെ
ചോര്‍ന്നൊലിക്കുന്ന
കൂരയിലെ മേരീടേയും
ഷാപ്പില്‍ കൂടിക്കടമുള്ള
ലാസറിന്റേയും മോള്
ക്ലാരയെത്തന്നെ കെട്ടണോന്ന്!
നാശം! ചിന്തിച്ചിരുന്ന്
ഉച്ചക്കഞ്ഞിയുടെ
ബെല്ല് കേള്‍ക്കാതെ
പട്ടിണിയായേനെ!
ക്ലാരയെ എനിക്കിഷ്ടമാണ്
വെറുതെ
വെറും വെറുതെ!

Saturday, January 15, 2011

ഒരു മഴ പെയ്തെങ്കില്‍...


ഒരു മഴ പെയ്തെങ്കിലെന്ന്
ഇരുണ്ട മാനം നോക്കി
നെടുവീര്‍പ്പിടുമ്പോഴും
ഒന്നോ രണ്ടോ തുള്ളികളാല്‍
നെറുകയില്‍ മുത്തമിട്ട്
ഓടിയൊളിക്കും, കള്ളി!

ഒരു നോക്കിന്റെയോ
ചെറു വാക്കിന്‍റെയോ
കുളിര്‍ മഴ നനയാന്‍
വെയിലേറെ തിന്ന്
വയറ് പൊട്ടിയ
മണ്ണിലേറെ
കാത്ത് നിന്നിട്ടും
നീയൊരു മഴയായ്
പെയ്തെങ്കിലെന്ന്
വെറുതേ മോഹിച്ചിരുന്നു!

ഒരിടവപ്പാതിയില്‍
നിശ്ചയം നീയെന്റെ
പടിപ്പുര കടന്നെത്തുമെന്ന്
കാക്കാലത്തി കൈനോക്കി-
പ്പറഞ്ഞിട്ടും
അന്നത്തെ അന്തിയില്‍
ഇറയത്തെ വിളക്കിന്റെ
കരിന്തിരി പുകഞ്ഞിട്ടും
ചെറു ചാറ്റലായെങ്കിലും
അണയാതെ നീ ഒളിച്ചതെന്തേ?

ഒടുവിലെന്‍ തൊടിയിലെ
വെണ്‍ പനിനീര്‍ പൂവിനെ
ഹ്യദയ നിണത്താല്‍
ചെമ്പട്ടുടുപ്പിച്ച്
നിനക്കായ് കാത്ത് വെച്ചിട്ടും
നിറ കര്‍ക്കിടകത്തില്‍
നിര്‍ത്താതെ പെയ്ത് നീയെന്‍
ജീവ മലരിന്‍ ദലങ്ങളെ
ഖബറിലൊടുക്കും വരെ
ജല താണ്ഡവമാടിയിട്ടും...

പെണ്ണേ! നീയില്ലാതെ
എനിക്കില്ലിന്നുമൊരു വസന്തം!
ഇനിയുമൊരു മഴ പെയ്തെങ്കില്‍...
കുളിര്‍ മഴ പെയ്തെങ്കില്‍...

Tuesday, November 10, 2009

മറന്നു വെച്ച വാക്ക്
ആഴത്തില്‍ വേരുകള്‍
വളര്‍ന്നതിനാലാവണം
പറിച്ചെടുത്തതിന്‍
പാതി മുറിഞ്ഞിരുന്നത്.

അവള്‍ മറന്നുവെച്ച
ഒരു വാക്ക്
തറഞ്ഞിരിപ്പുണ്ടാകണം
കണ്ണേറുകൊള്ളാതെ
ഉള്ളിലെവിടെയോ

മരവിച്ച അസ്ഥികളില്‍
ജ്വാലയായ് പടര്‍ന്നും
ഞരമ്പില്‍ തുടിപ്പുകള്‍
താളമിട്ട മധുരമുള്ള
ഒരു കൊച്ചു വാക്ക്!

ഏറെ ഉറക്കങ്ങളെ
ആഴത്തില്‍ മുറിപ്പെടുത്തി
കിനാവില്‍ വിരുന്നെത്തിയിട്ടും
ചിതറിയ വളപ്പൊട്ടുകളില്‍
കണ്ണീരുപ്പ് കലര്‍ത്തിയിട്ടുണ്ട്
കളിവാക്കുകള്‍

നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പിരിയില്ല നാമെന്നും
മണ്ണിലെഴുതിയപ്പോഴും
പരിഹാസത്തോടെ വാക്ക്
നാണിച്ചിട്ടുണ്ടാവണം

ഇന്നീ കടലകലത്തിന്റെ
മറുകരയണയാനൊരു
കടത്തിനായ് കണ്ണെറിയവേ
പെണ്ണേ!ഓര്‍ത്തില്ലല്ലോ
നേരമേറെ വൈകിയെന്ന്!
തിരിച്ചേല്‍പ്പിക്കാന്‍
നീ മറന്നു വെച്ചാ
വെറും വാക്ക്!