Tuesday, November 10, 2009

മറന്നു വെച്ച വാക്ക്




ആഴത്തില്‍ വേരുകള്‍
വളര്‍ന്നതിനാലാവണം
പറിച്ചെടുത്തതിന്‍
പാതി മുറിഞ്ഞിരുന്നത്.

അവള്‍ മറന്നുവെച്ച
ഒരു വാക്ക്
തറഞ്ഞിരിപ്പുണ്ടാകണം
കണ്ണേറുകൊള്ളാതെ
ഉള്ളിലെവിടെയോ

മരവിച്ച അസ്ഥികളില്‍
ജ്വാലയായ് പടര്‍ന്നും
ഞരമ്പില്‍ തുടിപ്പുകള്‍
താളമിട്ട മധുരമുള്ള
ഒരു കൊച്ചു വാക്ക്!

ഏറെ ഉറക്കങ്ങളെ
ആഴത്തില്‍ മുറിപ്പെടുത്തി
കിനാവില്‍ വിരുന്നെത്തിയിട്ടും
ചിതറിയ വളപ്പൊട്ടുകളില്‍
കണ്ണീരുപ്പ് കലര്‍ത്തിയിട്ടുണ്ട്
കളിവാക്കുകള്‍

നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പിരിയില്ല നാമെന്നും
മണ്ണിലെഴുതിയപ്പോഴും
പരിഹാസത്തോടെ വാക്ക്
നാണിച്ചിട്ടുണ്ടാവണം

ഇന്നീ കടലകലത്തിന്റെ
മറുകരയണയാനൊരു
കടത്തിനായ് കണ്ണെറിയവേ
പെണ്ണേ!ഓര്‍ത്തില്ലല്ലോ
നേരമേറെ വൈകിയെന്ന്!
തിരിച്ചേല്‍പ്പിക്കാന്‍
നീ മറന്നു വെച്ചാ
വെറും വാക്ക്!

Sunday, November 1, 2009

ഉറവ വറ്റുമ്പോള്‍


ചോദ്യങ്ങളില്‍ പകച്ച് നില്‍ക്കുമ്പോഴും
പുസ്തകങ്ങളില്‍ പരിഹാസച്ചിരിയോടെ
കുണുങ്ങിയിരുപ്പുണ്ടാവും ശരിയുത്തരങ്ങള്‍
ഉത്തരത്തില്‍ ചത്തിരിക്കുന്ന താക്കോല്‍ കൂട്ടവും
തിരയുന്നവന്റെ നിസ്സഹായത ആസ്വദിച്ചിരിക്കാം

ചുരത്തി വീങ്ങിയ മുലകളറിയുമോ
കുപ്പത്തൊട്ടിയില്‍ വാവിട്ട് കരഞ്ഞ
ചോരക്കുഞ്ഞിന്റെ രോദനം!
വിശന്ന് വയറൊട്ടിയവന്റെ യാചന
കേട്ട ദൈവങ്ങള്‍ മണ്ണിലിറങ്ങാന്‍ മടിച്ച് 
വിണ്‍ഗോപുരങ്ങളില്‍ അന്തിയുറങ്ങുകയാവണം!

നോട്ടുകള്‍ ചത്തടിഞ്ഞ പണപ്പെട്ടി-
ക്കിലുക്കങ്ങള്‍ വിശപ്പിന്റെ നാനാര്‍ത്ഥങ്ങളെ
പുച്ഛത്തോടെ കണ്ണെറിഞ്ഞിരിപ്പുണ്ടാകും
എന്നിട്ടും ഒരിറ്റ് ദാഹജലത്തിന്നതൊന്നു-
മുതകാതെ കൈ കുമ്പിള്‍ നിവര്‍ത്തി
നിരാശരാകുന്ന ഒരു കാലം വരുന്നുണ്ടാകണം!

കാറ്റേ കടലേ പുഴകളേ മഴമേഘങ്ങളേ
മിഴിയുണങ്ങാതെ കാക്കണേ...
പിറവിയെടുക്കാനുള്ള ജന്മങ്ങള്‍
ഒരിറ്റ് നീരിനായ്‌ കാത്തിരുന്നേക്കാം!
വിഴുപ്പുകള്‍ അലക്കി വെളുപ്പിക്കാന്‍
തെളിനീരുവറ്റാത്തൊരുറവ നമുക്കായ്
ഇനിയും പിറവിയെടുക്കുന്നുണ്ടാകുമോ?

Monday, May 11, 2009

പുലര്‍കാല സുന്ദര സ്വപ്നം


തീരങ്ങളെയുറക്കുവാന്‍
തിരകള്‍ക്കാകും..
ഭൂമിയെ ഉറക്കുവാന്‍
ഇരുട്ടിനും...
എന്നെയുറക്കുവാന്‍
നിനക്കും..
നമ്മെയുറക്കുവാന്‍
ആര്‍ക്കു കഴിയും.. ?

നിദ്രകള്‍ ദൂത്പോയാ
നീല രാത്രികളില്‍
കൊഞ്ചി പറഞ്ഞും
രമിച്ചും രസിച്ചും
നട്ടു നനച്ച നിനവിന്‍റെ
പുതു നാമ്പില്‍
ഇനിയുമൊരു പെണ്‍പൂ
മിഴി തുറക്കുമോ...?

ജലമില്ലാതെ കരിഞ്ഞ
മൊട്ടുകളില്‍ നിന്നോ
ശത്രുവിന്‍ കാല്‍ക്കീഴില്‍
ചതഞ്ഞരഞ്ഞ
മുകുളങ്ങളില്‍ നിന്നോ
ഒരുനറു മൊട്ടായെന്‍
കനിവല്ലരിയില്‍
വിരിയാനെന്തേ താമസം?

ഞങ്ങളിന്നു കണ്ട
പുലര്‍ക്കാല കനവിലെ
മാലാഖേ നീ വരിക
അമ്മതന്‍ മടിത്തട്ടിലേക്ക്
അച്ഛന്റെ കിനാവിലേക്ക്
മകളേ നീ പെയ്തിറങ്ങുക...

Wednesday, May 6, 2009

അമ്മയുടെ വിലാപം.

പ്രിയപ്പെട്ട കൂട്ടുകാരെ,
ഞാന്‍ ആദ്യമായി എഴുതിയ ഈ കൊച്ചു കവിത ഇന്ന് മലയാള മനോര ബ്ലോഗില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു എന്ന സന്തോഷ വര്‍ത്തമാനം എല്ലാവരെയും അറിയിക്കട്ടെ. എന്റെ ഈ സന്തോഷത്തില്‍ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ കൂട്ടുകാരെയും നന്ദിയോടെ ഈയവസരത്തില്‍ സ്മരിക്കുന്നു. ഇനിയും നല്ല സൃഷ്ടികളുമായി നിങ്ങളുടെ മുന്നിലെത്താന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
സസ്നേഹം,
വാഴക്കോടന്‍.


അമ്മയുടെ വിലാപം
കുഞ്ഞേ നീയിന്ന് എവിടെയാണ്?
എന്നോമനക്കണ്ണാ നീയെങ്ങു പോയി?
കൂട്ടം പിരിഞ്ഞു നീ പോയൊരു നേരത്തും,
നിന്‍ സുഖ സൌഖ്യത്തിനായി തേടുമീയമ്മ

മകനെ നീയോര്‍ക്കുക നിന്നെ ഞാന്‍ ഊട്ടിയത്,
എന്‍ പ്രാണന്‍ പകുത്തതില്‍ സ്നേഹം ചാലിച്ച്,
അമ്മിഞ്ഞപ്പാല്‍ മധുരം നിന്‍ ചോരിവാ നിറച്ച് നല്‍കീ
അന്തിക്കും പിന്നെ നീ കരഞ്ഞപ്പോഴോക്കെയും

വീണ് വീണ് നടക്കാന്‍ പഠിച്ച നീ പിന്നെ
ഓടിക്കളിച്ച് തളര്‍ന്നിരുന്നോരോ മാവിന്‍ ചുവട്ടിലും,
കൊഞ്ചി കൊഞ്ചി പറയാന്‍ പഠിച്ചു നീ പിന്നെ
പാടിപ്പറഞ്ഞതും എഴുതിപ്പഠിച്ചതും സത്യമേവ ജയതേ

പഠനങ്ങള്‍ക്കെല്ലാം അവധി കൊടുത്ത് നീ
പാഠ്യേതരങ്ങളില്‍ കാതുകള്‍ കൂര്‍പ്പിച്ച്,
ഒറ്റടിപ്പാതയില്‍ ഏകനായ്‌ നീങിയ നിന്‍നിഴല്‍ പോലും
എന്നെ അസ്വസ്ഥമാക്കി നീറിയെരിഞ്ഞാ നാളുകള്‍,
മകനേ അറിഞ്ഞില്ല നിന്‍ വഴി പാപമെന്നുരയ്ക്കാന്‍ കഴിഞ്ഞില്ല

പിന്‍വിളി കേള്‍ക്കാതെ നടന്ന് പോയൊരെന്‍ കണ്മണീ
നീയറിയുക,പെറ്റ വയറിന്‍ തീരാ നൊമ്പരം,
അമ്പിളിയില്ലാതിരുട്ടു വീണാകായം പോലെ
നിന്‍ മുഖം കാണാതെ നിന്‍ സ്വരം കേള്‍ക്കാതെ
മാമ്പൂവെത്ര വിടര്‍ന്നു കൊഴിഞ്ഞു,
നിന്നെയൊന്നോര്‍ക്കാതെ കണ്ണീരുതിര്‍ക്കാതെ
അസ്തമയമുണ്ടായില്ലെന്നറിയുക എന്നുണ്ണീ..

കൂടപ്പിറപ്പുകളെ വേട്ടയാടി കൊന്നു കൊലവിളി നടത്തിയ
കാട്ടുജാതികള്‍ തന്‍ കൂട്ടത്തില്‍ നീയെങ്ങാന്‍
അകപ്പെട്ടുപോയോ ചൊല്ലുകയെന്‍ കനിയേ,
അമ്മ തന്‍ മാറ് പിളര്‍ന്ന് ചോരയൂറ്റിക്കുടിച്ച്
കരള്‍ പറിച്ചെടുത്ത് ചവച്ച് തുപ്പിയ,
നരാധമരില്‍ നിന്നേറ്റം ഉത്തമനായൊരു
പോരാളിയായ്‌ നിനക്ക് മാറ്റം വന്നോ പറയുക.

ഇല്ല മകനേ നിനക്കതിനു കഴിയില്ല,
നിനക്കൊരാളെയും വേട്ടയാടാനാവില്ല
നിനക്കൊരു അമ്മയുടെയും സഹോദരിയുടെയും
നെഞ്ച് പിളര്‍ക്കാനാവില്ല,
നിനക്കീ ഭൂമിയെ പകുത്ത് പല തുണ്ടങ്ങള്‍ ആക്കാന്‍ കഴിയില്ല,
നിനക്കെവിടെയും തിന്‍മയുടെ വേലികളുയര്‍ത്താന്‍ കഴിയില്ലാ....

ഞാന്‍ നിന്നെയൂട്ടിയ അമ്മിഞ്ഞപ്പാലിനില്ലേ ഒരു സത്യവും?
ഞാന്‍ നിനക്ക് സ്നേഹത്താലൂട്ടിയ ചോറിനുമില്ലേ ഒരു സ്വപ്നവും?
ഞാന്‍ പാടിയ താരാട്ടില്‍ ഏത് വരികളാണ് കുഞ്ഞേ നിരര്‍ത്ഥമായത്?
ഞാന്‍ കൈപിടിച്ചു നടത്തിയ വഴിയിലെവിടെയാണ് മുള്ളുകള്‍ നിറഞ്ഞത്‌?

വഴി പിഴച്ച കൂട്ടത്തില്‍ മകനേ നീയുണ്ടെങ്കില്‍ വരിക
എന്നുണ്ണീ വന്നെന്റെ ഹൃദയം പറിച്ചെടുത്തുകൊള്‍ക ,
കരള്‍ കടിച്ച് തുപ്പുക,
വേര്‍പെട്ടോരെന്‍ ഹൃദയം നീ കാതിന്‍ ചാരെ വെക്കുക,
കേള്‍ക്കാം എന്നുണ്ണീ അത് നിന്റെ നന്മയ്ക്കായ് പ്രാര്‍ത്ഥിക്കുകയാകും!
നിനക്കായി പ്രാര്‍ത്ഥിക്കുകയാകും! നിനക്കായി പ്രാര്‍ത്ഥിക്കുകയാകും!