Tuesday, November 10, 2009

മറന്നു വെച്ച വാക്ക്




ആഴത്തില്‍ വേരുകള്‍
വളര്‍ന്നതിനാലാവണം
പറിച്ചെടുത്തതിന്‍
പാതി മുറിഞ്ഞിരുന്നത്.

അവള്‍ മറന്നുവെച്ച
ഒരു വാക്ക്
തറഞ്ഞിരിപ്പുണ്ടാകണം
കണ്ണേറുകൊള്ളാതെ
ഉള്ളിലെവിടെയോ

മരവിച്ച അസ്ഥികളില്‍
ജ്വാലയായ് പടര്‍ന്നും
ഞരമ്പില്‍ തുടിപ്പുകള്‍
താളമിട്ട മധുരമുള്ള
ഒരു കൊച്ചു വാക്ക്!

ഏറെ ഉറക്കങ്ങളെ
ആഴത്തില്‍ മുറിപ്പെടുത്തി
കിനാവില്‍ വിരുന്നെത്തിയിട്ടും
ചിതറിയ വളപ്പൊട്ടുകളില്‍
കണ്ണീരുപ്പ് കലര്‍ത്തിയിട്ടുണ്ട്
കളിവാക്കുകള്‍

നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പിരിയില്ല നാമെന്നും
മണ്ണിലെഴുതിയപ്പോഴും
പരിഹാസത്തോടെ വാക്ക്
നാണിച്ചിട്ടുണ്ടാവണം

ഇന്നീ കടലകലത്തിന്റെ
മറുകരയണയാനൊരു
കടത്തിനായ് കണ്ണെറിയവേ
പെണ്ണേ!ഓര്‍ത്തില്ലല്ലോ
നേരമേറെ വൈകിയെന്ന്!
തിരിച്ചേല്‍പ്പിക്കാന്‍
നീ മറന്നു വെച്ചാ
വെറും വാക്ക്!

Sunday, November 1, 2009

ഉറവ വറ്റുമ്പോള്‍


ചോദ്യങ്ങളില്‍ പകച്ച് നില്‍ക്കുമ്പോഴും
പുസ്തകങ്ങളില്‍ പരിഹാസച്ചിരിയോടെ
കുണുങ്ങിയിരുപ്പുണ്ടാവും ശരിയുത്തരങ്ങള്‍
ഉത്തരത്തില്‍ ചത്തിരിക്കുന്ന താക്കോല്‍ കൂട്ടവും
തിരയുന്നവന്റെ നിസ്സഹായത ആസ്വദിച്ചിരിക്കാം

ചുരത്തി വീങ്ങിയ മുലകളറിയുമോ
കുപ്പത്തൊട്ടിയില്‍ വാവിട്ട് കരഞ്ഞ
ചോരക്കുഞ്ഞിന്റെ രോദനം!
വിശന്ന് വയറൊട്ടിയവന്റെ യാചന
കേട്ട ദൈവങ്ങള്‍ മണ്ണിലിറങ്ങാന്‍ മടിച്ച് 
വിണ്‍ഗോപുരങ്ങളില്‍ അന്തിയുറങ്ങുകയാവണം!

നോട്ടുകള്‍ ചത്തടിഞ്ഞ പണപ്പെട്ടി-
ക്കിലുക്കങ്ങള്‍ വിശപ്പിന്റെ നാനാര്‍ത്ഥങ്ങളെ
പുച്ഛത്തോടെ കണ്ണെറിഞ്ഞിരിപ്പുണ്ടാകും
എന്നിട്ടും ഒരിറ്റ് ദാഹജലത്തിന്നതൊന്നു-
മുതകാതെ കൈ കുമ്പിള്‍ നിവര്‍ത്തി
നിരാശരാകുന്ന ഒരു കാലം വരുന്നുണ്ടാകണം!

കാറ്റേ കടലേ പുഴകളേ മഴമേഘങ്ങളേ
മിഴിയുണങ്ങാതെ കാക്കണേ...
പിറവിയെടുക്കാനുള്ള ജന്മങ്ങള്‍
ഒരിറ്റ് നീരിനായ്‌ കാത്തിരുന്നേക്കാം!
വിഴുപ്പുകള്‍ അലക്കി വെളുപ്പിക്കാന്‍
തെളിനീരുവറ്റാത്തൊരുറവ നമുക്കായ്
ഇനിയും പിറവിയെടുക്കുന്നുണ്ടാകുമോ?