Friday, January 21, 2011

ബാല്യകാല സഖി




ക്ലാരയെ എനിക്കിഷ്ടമാണ്
നീലക്കണ്ണുകളുള്ള
നിലാവിന്റെ ചേലുള്ള
കൊച്ചു പെണ്ണ്

നേര്‍ത്ത പാലത്തിലൂടെ
കൈതത്തോടും താണ്ടി
മുടി കോതിയൊതുക്കി
അക്ഷരം നുണയാ-
നെത്തുന്നവള്‍,
ക്ലാര വെളുത്തിട്ടാണ്

അവളെ കെട്ടിയാല്‍
വെളുത്ത് തുടുത്ത
കുട്ടികളുണ്ടാകുമെന്ന്
പറയുന്നു കൂട്ടുകാര്‍
ബാപ്പയറിഞ്ഞാല്‍
പടിക്ക് പുറത്താക്കുമെന്ന്
മറ്റു ചിലര്‍,
ക്ലാര കൃസ്ത്യാനിയാണ്

ഒളികണ്ണിട്ടെന്നും
നോക്കാറുണ്ട്
ക്ലാസിലെ കുഞ്ഞാമിന
ഓള്‍ടെ അറവുകാരന്‍ ബാപ്പ
ചങ്കില്‍‍ കത്തി
ഇറക്കുന്നത്
കിനാവില്‍ വന്ന്
ഉറക്കം കെടുത്തും,
ക്ലാരയുടെ അപ്പന്‍
പാവമാണ്,ഒരു സാധു

സുനിതയ്ക്കെന്നെ
പുച്ഛമാണ്,അഹങ്കാരി!
അവള്‍ക്കെന്നെ
കെട്ടിയാലെന്താ?
കോഴിയിറച്ചീം
ബിരിയാണീം
വാങ്ങിക്കൊടുക്കില്ലേ?
ക്ലാര സ്നേഹമുള്ളവളാണ്

പുറമ്പോക്കിലെ
ചോര്‍ന്നൊലിക്കുന്ന
കൂരയിലെ മേരീടേയും
ഷാപ്പില്‍ കൂടിക്കടമുള്ള
ലാസറിന്റേയും മോള്
ക്ലാരയെത്തന്നെ കെട്ടണോന്ന്!
നാശം! ചിന്തിച്ചിരുന്ന്
ഉച്ചക്കഞ്ഞിയുടെ
ബെല്ല് കേള്‍ക്കാതെ
പട്ടിണിയായേനെ!
ക്ലാരയെ എനിക്കിഷ്ടമാണ്
വെറുതെ
വെറും വെറുതെ!

Saturday, January 15, 2011

ഒരു മഴ പെയ്തെങ്കില്‍...


ഒരു മഴ പെയ്തെങ്കിലെന്ന്
ഇരുണ്ട മാനം നോക്കി
നെടുവീര്‍പ്പിടുമ്പോഴും
ഒന്നോ രണ്ടോ തുള്ളികളാല്‍
നെറുകയില്‍ മുത്തമിട്ട്
ഓടിയൊളിക്കും, കള്ളി!

ഒരു നോക്കിന്റെയോ
ചെറു വാക്കിന്‍റെയോ
കുളിര്‍ മഴ നനയാന്‍
വെയിലേറെ തിന്ന്
വയറ് പൊട്ടിയ
മണ്ണിലേറെ
കാത്ത് നിന്നിട്ടും
നീയൊരു മഴയായ്
പെയ്തെങ്കിലെന്ന്
വെറുതേ മോഹിച്ചിരുന്നു!

ഒരിടവപ്പാതിയില്‍
നിശ്ചയം നീയെന്റെ
പടിപ്പുര കടന്നെത്തുമെന്ന്
കാക്കാലത്തി കൈനോക്കി-
പ്പറഞ്ഞിട്ടും
അന്നത്തെ അന്തിയില്‍
ഇറയത്തെ വിളക്കിന്റെ
കരിന്തിരി പുകഞ്ഞിട്ടും
ചെറു ചാറ്റലായെങ്കിലും
അണയാതെ നീ ഒളിച്ചതെന്തേ?

ഒടുവിലെന്‍ തൊടിയിലെ
വെണ്‍ പനിനീര്‍ പൂവിനെ
ഹ്യദയ നിണത്താല്‍
ചെമ്പട്ടുടുപ്പിച്ച്
നിനക്കായ് കാത്ത് വെച്ചിട്ടും
നിറ കര്‍ക്കിടകത്തില്‍
നിര്‍ത്താതെ പെയ്ത് നീയെന്‍
ജീവ മലരിന്‍ ദലങ്ങളെ
ഖബറിലൊടുക്കും വരെ
ജല താണ്ഡവമാടിയിട്ടും...

പെണ്ണേ! നീയില്ലാതെ
എനിക്കില്ലിന്നുമൊരു വസന്തം!
ഇനിയുമൊരു മഴ പെയ്തെങ്കില്‍...
കുളിര്‍ മഴ പെയ്തെങ്കില്‍...