Saturday, May 30, 2015

അമ്മവേഷങ്ങള്‍

ചക്കത്തുണ്ടം തിന്ന്‍
നാളേറെയായെന്ന്
ഉമ്മറക്കോലായില്‍
നെടുവീര്‍പ്പിട്ടാല്‍
കാതടപ്പിക്കുമുച്ചത്തില്‍
കാറ്റില്‍ വന്നടയും
പ്ലാവില്‍ തീര്‍ത്ത
ഉമ്മറ വാതിലുകള്‍

ചത്തിരിക്കാനൊരു
ഉത്തരമില്ലെന്ന്
പരിഭവിച്ച്
താക്കോല്‍ കൂട്ടം
ഇരിപ്പിടങ്ങളില്‍
അസ്വസ്ഥമാവും

ഇറയത്തെ വളയില്‍
തൂങ്ങിയാടിയ
പ്രതാപകാലത്തെ
ഓര്‍ത്തെടുക്കാന്‍
ശ്രമിച്ച് ശ്രമിച്ച്
കണ്ണീര്‍ വറ്റി
മുക്കിലായിപ്പോയൊരു
കാലന്‍ കുട

അടുക്കളച്ചുമരില്‍
അന്തസ്സില്‍
ചാരിക്കിടന്ന
മരപ്പലകകള്‍
അന്യം നിന്ന് പോയത്
ഡൈനിങ് ടേബിള്‍
വിരുന്ന് വന്നപ്പോഴാണ്

എന്നിട്ടും പുലര്‍ച്ചയ്ക്കിന്നും
അടുപ്പില്‍ തീ കൂട്ടി
പാല് കാച്ചാന്‍
നിയോഗം പോലെ
അമ്മ വേണം
പുകയില്ലാത്ത
അടുപ്പുകള്‍ക്കരികിലും
പുകഞ്ഞ് തീരുന്നുണ്ട്
കാലം മാറിയിട്ടും
കോലം മാറാത്ത
അമ്മ ജീവിതങ്ങള്‍!


Friday, May 1, 2015

ഒരു വട്ടം കൂടിയെന്‍ പള്ളിക്കൂടത്തില്‍.....
ഇന്ന് ഞാനൊരു
വിരുന്നിന് പോയി
ഇന്നലെ പഠിച്ച
പള്ളിക്കൂടത്തില്‍

പതിവു പോലെ
ഹെഡ്മാഷെത്തിയിട്ടില്ല
ചെരുപ്പിടാത്ത
അറബി മാഷും

അടിയേറെ കൊണ്ട
റെയിലിന്റെ തുണ്ടം
സമയമറിയിച്ച്
ശോഷിച്ച് പോയി
പഴയ പ്യൂണ്‍
മരിച്ചും പോയി

കഞ്ഞിപ്പുരയില്‍
പുക ഉയരുന്നില്ല
കരിപിടിച്ച് കരുവാളിച്ച
കഴുക്കോലുകള്‍
ഒന്നും മാറിയിട്ടില്ല,
മാറാലയും

നാരായണന്‍ മാഷിന്റെ
ക്ലാസിന്റെ പിന്നിലാണ്
വരിക്കപ്ലാവ്.
ചക്കയും പിന്നെ
ഏറെ തണലും തന്നത്,
നാരായണന്‍ മാഷ്
തൂങ്ങി മരിച്ചത്രേ!

വീണ ചക്കയുമായി
മൂത്താരുടെ
കടയിലേക്കോടും,
പിന്നാലെ ചെന്നാല്‍
ചുളയൊന്ന്
കിട്ടിയെങ്കിലായി,
തിരിച്ചെത്തിയാല്‍
ടീച്ചര്‍ ഉറപ്പായും തരും
ചുട്ടൊരടി!

മുറ്റത്തിപ്പഴും തളംകെട്ടി
നില്‍പ്പുണ്ട് ചളിവെള്ളം.
കാലിലെ പടക്കം
പൊട്ടലില്‍ നനഞ്ഞ
പുള്ളിപ്പാവാടകള്‍!
കൊത്തം കല്ല്
വാരിയപ്പോള്‍
ബാപ്പാട് പറഞ്ഞ് തല്ല്
കൊള്ളിക്കും എന്ന്
പരിഭവിച്ച കുഞ്ഞാമിന!

 ഒറ്റമൈനയെ
കണ്ടിട്ടടി കൊണ്ടതും
വയറ് വേദന മാറാന്‍
മണിക്കല്ലെടുത്തതും
മഷിത്തണ്ട് കളവ്
പോയതും, മയില്‍ പീലി
മാനം കാണാതൊളിപ്പിച്ചതും

ലാസ്റ്റ് ബെഞ്ചിലുറക്കിന്
ചോക്ക് കൂട്ട് വന്നതും
കേട്ടെഴുത്തിന്നുത്തരം
പുളിങ്കുരു കൊടുത്ത്
നോക്കിയെഴുതിയതും

എല്ലാ ഓര്‍മ്മകളുമീ
 നീണ്ട വരാന്തയില്‍
മുഖരിതമാകുമ്പോള്‍
അറിയാതെ മനസ്സ്
മന്ത്രിക്കുന്നു
ഒരിക്കല്‍ കൂടി ഈ
തിരുമുറ്റത്തൊരു ജന്മം!