
ക്ലാരയെ എനിക്കിഷ്ടമാണ്
നീലക്കണ്ണുകളുള്ള
നിലാവിന്റെ ചേലുള്ള
കൊച്ചു പെണ്ണ്
നേര്‍ത്ത പാലത്തിലൂടെ
കൈതത്തോടും താണ്ടി
മുടി കോതിയൊതുക്കി
അക്ഷരം നുണയാ-
നെത്തുന്നവള്‍,
ക്ലാര വെളുത്തിട്ടാണ്
അവളെ കെട്ടിയാല്‍
വെളുത്ത് തുടുത്ത
കുട്ടികളുണ്ടാകുമെന്ന്
പറയുന്നു കൂട്ടുകാര്‍
ബാപ്പയറിഞ്ഞാല്‍
പടിക്ക് പുറത്താക്കുമെന്ന്
മറ്റു ചിലര്‍,
ക്ലാര കൃസ്ത്യാനിയാണ്
ഒളികണ്ണിട്ടെന്നും
നോക്കാറുണ്ട്
ക്ലാസിലെ കുഞ്ഞാമിന
ഓള്‍ടെ അറവുകാരന് ബാപ്പ
ചങ്കില് കത്തി
ഇറക്കുന്നത്
കിനാവില് വന്ന്
ഉറക്കം കെടുത്തും,
ക്ലാരയുടെ അപ്പന്
പാവമാണ്,ഒരു സാധു
സുനിതയ്ക്കെന്നെ
പുച്ഛമാണ്,അഹങ്കാരി!
അവള്‍ക്കെന്നെ
കെട്ടിയാലെന്താ?
കോഴിയിറച്ചീം
ബിരിയാണീം
വാങ്ങിക്കൊടുക്കില്ലേ?
ക്ലാര സ്നേഹമുള്ളവളാണ്
പുറമ്പോക്കിലെ
ചോര്‍ന്നൊലിക്കുന്ന
കൂരയിലെ മേരീടേയും
ഷാപ്പില് കൂടിക്കടമുള്ള
ലാസറിന്റേയും മോള്
ക്ലാരയെത്തന്നെ കെട്ടണോന്ന്!
നാശം! ചിന്തിച്ചിരുന്ന്
ഉച്ചക്കഞ്ഞിയുടെ
ബെല്ല് കേള്‍ക്കാതെ
പട്ടിണിയായേനെ!
ക്ലാരയെ എനിക്കിഷ്ടമാണ്
വെറുതെ
വെറും വെറുതെ!