Friday, May 1, 2015

ഒരു വട്ടം കൂടിയെന്‍ പള്ളിക്കൂടത്തില്‍.....












ഇന്ന് ഞാനൊരു
വിരുന്നിന് പോയി
ഇന്നലെ പഠിച്ച
പള്ളിക്കൂടത്തില്‍

പതിവു പോലെ
ഹെഡ്മാഷെത്തിയിട്ടില്ല
ചെരുപ്പിടാത്ത
അറബി മാഷും

അടിയേറെ കൊണ്ട
റെയിലിന്റെ തുണ്ടം
സമയമറിയിച്ച്
ശോഷിച്ച് പോയി
പഴയ പ്യൂണ്‍
മരിച്ചും പോയി

കഞ്ഞിപ്പുരയില്‍
പുക ഉയരുന്നില്ല
കരിപിടിച്ച് കരുവാളിച്ച
കഴുക്കോലുകള്‍
ഒന്നും മാറിയിട്ടില്ല,
മാറാലയും

നാരായണന്‍ മാഷിന്റെ
ക്ലാസിന്റെ പിന്നിലാണ്
വരിക്കപ്ലാവ്.
ചക്കയും പിന്നെ
ഏറെ തണലും തന്നത്,
നാരായണന്‍ മാഷ്
തൂങ്ങി മരിച്ചത്രേ!

വീണ ചക്കയുമായി
മൂത്താരുടെ
കടയിലേക്കോടും,
പിന്നാലെ ചെന്നാല്‍
ചുളയൊന്ന്
കിട്ടിയെങ്കിലായി,
തിരിച്ചെത്തിയാല്‍
ടീച്ചര്‍ ഉറപ്പായും തരും
ചുട്ടൊരടി!

മുറ്റത്തിപ്പഴും തളംകെട്ടി
നില്‍പ്പുണ്ട് ചളിവെള്ളം.
കാലിലെ പടക്കം
പൊട്ടലില്‍ നനഞ്ഞ
പുള്ളിപ്പാവാടകള്‍!
കൊത്തം കല്ല്
വാരിയപ്പോള്‍
ബാപ്പാട് പറഞ്ഞ് തല്ല്
കൊള്ളിക്കും എന്ന്
പരിഭവിച്ച കുഞ്ഞാമിന!

 ഒറ്റമൈനയെ
കണ്ടിട്ടടി കൊണ്ടതും
വയറ് വേദന മാറാന്‍
മണിക്കല്ലെടുത്തതും
മഷിത്തണ്ട് കളവ്
പോയതും, മയില്‍ പീലി
മാനം കാണാതൊളിപ്പിച്ചതും

ലാസ്റ്റ് ബെഞ്ചിലുറക്കിന്
ചോക്ക് കൂട്ട് വന്നതും
കേട്ടെഴുത്തിന്നുത്തരം
പുളിങ്കുരു കൊടുത്ത്
നോക്കിയെഴുതിയതും

എല്ലാ ഓര്‍മ്മകളുമീ
 നീണ്ട വരാന്തയില്‍
മുഖരിതമാകുമ്പോള്‍
അറിയാതെ മനസ്സ്
മന്ത്രിക്കുന്നു
ഒരിക്കല്‍ കൂടി ഈ
തിരുമുറ്റത്തൊരു ജന്മം!




9 comments:

വാഴക്കോടന്‍ ‍// vazhakodan said...

സ്കൂള്‍ ഓര്‍മ്മ !!

ajith said...

ഒരു അവധിക്കാലത്ത് വോട്ടേര്‍സ് ലിസ്റ്റില്‍ പേര്‍ ചേര്‍ക്കാന്‍ പ്രൈമറി സ്കൂലില്‍ പോയിരുന്നു. ഓര്‍മ്മകളുടെ പ്രവാഹമാണുണ്ടായത്. പക്ഷെ ഇതുപോലെ ഭംഗിയായി എഴുതാന്‍ കഴിഞ്ഞില്ലെന്ന് മാത്രം

വാഴക്കോടന്‍ ‍// vazhakodan said...

Ajith sir അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി, സന്തോഷം !

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഓര്‍മ്മകളെ മനോഹരമാക്കിയ വരികള്‍

വാഴക്കോടന്‍ ‍// vazhakodan said...

മുഹമ്മദിക്കാ ഹൃദയം നിറഞ്ഞ നന്ദി,വീണ്ടും കാണാം...

വാഴക്കോടന്‍ ‍// vazhakodan said...
This comment has been removed by the author.
Areekkodan | അരീക്കോടന്‍ said...

Nostalgic Memories

Vinodkumar Thallasseri said...

ഒരിക്കല്‍ കൂടി ഈ
തിരുമുറ്റത്തൊരു ജന്മം!

Good lines

പത്രി said...

നന്നായിട്ടുണ്ട്‌