Saturday, May 30, 2015

അമ്മവേഷങ്ങള്‍

ചക്കത്തുണ്ടം തിന്ന്‍
നാളേറെയായെന്ന്
ഉമ്മറക്കോലായില്‍
നെടുവീര്‍പ്പിട്ടാല്‍
കാതടപ്പിക്കുമുച്ചത്തില്‍
കാറ്റില്‍ വന്നടയും
പ്ലാവില്‍ തീര്‍ത്ത
ഉമ്മറ വാതിലുകള്‍

ചത്തിരിക്കാനൊരു
ഉത്തരമില്ലെന്ന്
പരിഭവിച്ച്
താക്കോല്‍ കൂട്ടം
ഇരിപ്പിടങ്ങളില്‍
അസ്വസ്ഥമാവും

ഇറയത്തെ വളയില്‍
തൂങ്ങിയാടിയ
പ്രതാപകാലത്തെ
ഓര്‍ത്തെടുക്കാന്‍
ശ്രമിച്ച് ശ്രമിച്ച്
കണ്ണീര്‍ വറ്റി
മുക്കിലായിപ്പോയൊരു
കാലന്‍ കുട

അടുക്കളച്ചുമരില്‍
അന്തസ്സില്‍
ചാരിക്കിടന്ന
മരപ്പലകകള്‍
അന്യം നിന്ന് പോയത്
ഡൈനിങ് ടേബിള്‍
വിരുന്ന് വന്നപ്പോഴാണ്

എന്നിട്ടും പുലര്‍ച്ചയ്ക്കിന്നും
അടുപ്പില്‍ തീ കൂട്ടി
പാല് കാച്ചാന്‍
നിയോഗം പോലെ
അമ്മ വേണം
പുകയില്ലാത്ത
അടുപ്പുകള്‍ക്കരികിലും
പുകഞ്ഞ് തീരുന്നുണ്ട്
കാലം മാറിയിട്ടും
കോലം മാറാത്ത
അമ്മ ജീവിതങ്ങള്‍!


3 comments:

ajith said...

മാറ്റങ്ങളില്ലെന്ന് പറഞ്ഞുകൂടാ. ന്യൂ ജനറേഷന്‍ അമ്മമാരുണ്ടേ

Vinodkumar Thallasseri said...

കാലം മാറിയിട്ടും
കോലം മാറാത്ത
അമ്മ ജീവിതങ്ങള്‍!

പത്രി said...

നല്ല കവിതയാണു മാഷേ